ഓഖി: മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണസംഖ്യ 38

Thumb Image
SHARE

ഓഖി ചുഴലിക്കാറ്റിലകപ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി.  ഒരു മൃതദേഹം  കായംകുളത്തിനടുത്ത് അഴീക്കലിലും രണ്ട് മൃതദേഹങ്ങള്‍ ആലപ്പുഴക്കും കൊച്ചിക്കുമിടയിലായാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി . 

മല്‍സ്യതൊഴിലാളികൾ പ്രതിഷേധത്തിൽ, മൂന്ന് ട്രയിനുകള്‍ തടഞ്ഞിട്ടു

കാണാതായ മല്‍സ്യതൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കന്യാകുമാരി‍ ജില്ലയിലും വന്‍ പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു നാട്ടുകാര്‍ കുഴിത്തുറയില്‍ ദേശീയപാതയും റയില്‍വേ സ്റ്റേഷനും  ഉപരോധിക്കുന്നു. ഒന്‍പത് തീരദേശ പഞ്ചായത്തുകളില്‍നിന്നുള്ള നാട്ടുകാരാണ് പ്രതി·ഷേധത്തില്‍ പങ്കെടുക്കുന്നത്. 1150 മല്‍സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. 

സൗജന്യഅരിയിൽ തട്ടിപ്പ്, നാലു റേഷന്‍കടകള്‍ക്കു പൂട്ടു വീണു

ഓഖി ദുരിതബാധിതര്‍ക്കുള്ള സൗജന്യഅരിയിൽ തട്ടിപ്പ് . നെയ്യാറ്റിന്‍കര താലൂക്കിലെ നാലു റേഷന്‍കടകള്‍ സസ്പെന്‍ഡ് ചെയ്തു. അരിയുടെ നിലവാരത്തിലും തൂക്കത്തിലും തട്ടിപ്പ് നടന്നു .  ഭക്ഷ്യമന്ത്രിയുടെ നേരിട്ടുള്ള പരിശോധനയ്ക്കുശേഷമാണ് നടപടി 

സർക്കാരിനെതിരെ ലത്തീന്‍ സഭ

ദുരന്തത്തില്‍പ്പെട്ട് നില്‍ക്കുന്ന  മല്‍‌സ്യത്തൊഴിലാളികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനായില്ലെന്ന് ലത്തീന്‍ സഭ.  സമരത്തിനൊരുങ്ങാന്‍ തൊഴിലാളികള്‍ സഭയോട് ആവശ്യപ്പെടുന്നുണ്ട്.  ഇനിയും അലംഭാവം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലും അതൃപ്തിയുണ്ടെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍  മോണ്‍സീഞ്ഞോര്‍ യൂജിന്‍ പെരേര പറഞ്ഞു

ഓഖി ചുഴലിക്കാറ്റ് വീശി ഒരാഴ്ചയാകുമ്പോളും കാണാതായവരുടെ എണ്ണത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇനി 92 പേരെയാണ് കണ്ടെത്താനുള്ളതെന്ന് സർക്കാർ പറയുമ്പോൾ അതിന്റെ മൂന്നിരട്ടിയിലേറെപ്പേർ കടലിൽ കുടുങ്ങിയെന്നാണ് ലത്തീൻ സഭയും തീരദേശക്കാരും വ്യക്തമാക്കുന്നത്. അതേ സമയം വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചിൽ ഉൾക്കടലിൽ തുടരുകയാണ്. 

എത്ര പേർ ഇനിയും കടലിൽ ?

ചുഴലിക്കാറ്റ് ദുരന്തക്കാറ്റായി വീശിയിട്ട് ഇന്ന് ഏഴാം നാളാണ്. പക്ഷെ എത്ര പേർ ഇനിയും കടലിലുണ്ടെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഇനി രക്ഷിക്കാനുള്ളത് 92 പേരെയന്നാണ് മുഖ്യമന്ത്രിയും റവന്യൂ വകുപ്പും പറയുന്നത്. എന്നാൽ വീടുകൾ കയറിയിറങ്ങി ലത്തീൻ സഭ ശേഖരിച്ച കണക്ക് പ്രകാരം 247 പേർ തിരികെയെത്താനുണ്ട്. ഇതിൽ 106 പേരാണ് ഓഖി ദുരന്തമുണ്ടായ 29 ,30 തീയതികളിൽ കടലിൽ പോയവർ. ബാക്കി 141 പേർ ദിവസങ്ങൾക്ക് മുൻപ് വലിയ ബോട്ടുകളിലും മറ്റും പോയവരാണ്. 

ഇവരേക്കുറിച്ചും ഇത്രയും ദിവസമായിട്ട് ഒരു വിവരവുമില്ലെന്നണ് നാട്ടുകാർ പറയുന്നത്. വലിയ ബോട്ടുകളിൽ പോയവരുടെ കണക്ക് ഉൾപ്പെടുത്താൻ സർക്കാർ തയാറാകാത്തതാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാൽ തിരച്ചിലിൽ ഇപ്പോൾ കണ്ടെത്തുന്നതിലേറെയും വലിയ ബോട്ടുകളിൽ പോയ വരെയാണെന്നത് മറ്റുളളവരേക്കുറിച്ച ള്ള ആധി വർധിപ്പിക്കുന്നുണ്ട്. അതേ സമയം മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കപ്പലിലുള്ള തിരച്ചിൽ നൂറ് നോട്ടിക്കൽ മൈലിനപ്പുറമുക്ക ഉൾക്കടലിൽ പുരോഗമിക്കുന്നുണ്ട്. കന്യാകുമാരിയിലെ മൽസ്യത്തൊഴിലാളികളുടെ അഭ്യർത്ഥന പ്രകാരം വ്യോമസേനയുടെ മൂന്ന് നിരീക്ഷണ വിമാനവും ഒരു ഹെലികോപ്റ്ററും ഇന്നലെ തിരച്ചിലിൽ അധികകമാ യി പങ്കെടുത്തു. അതേ സമയം ചുഴലിക്കാറ്റിൽ ഇതുവരെ സംസ്ഥാനത്ത് 40 കോടിയുടെ കൃഷി നാശമുണ്ടായെന്ന് സർക്കാർ അറിയിച്ചു. 

കാത്തിരിപ്പിന്റെ എട്ടാം നാൾ

തീരദേശത്ത് കാത്തിരിപ്പിന്റെ എട്ടാം നാളാണിന്ന്. ലക്ഷങ്ങളുടെ സഹായപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്ന് അറിയുമ്പോഴും ഉറ്റവര്‍ എവിടെയെന്ന ചോദ്യമാണ് തീരത്തുനിന്ന് ഉയരുന്നത്. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന ആവശ്യവും ഉയരുന്നു. ഒാഖി ചുഴലിക്കാറ്റില്‍പ്പെട്ട് കോഴിക്കോട് തങ്ങുന്ന ലക്ഷദ്വീപുകാരുടെ അവസാനസംഘം ഇന്ന് നാട്ടിലേക്ക് മടങ്ങും. 105പേരുള്‍പ്പെടുന്ന സംഘം എം.വി.മിനിക്കോയ് എന്ന കപ്പലിലാണ് ബേപ്പൂരില്‍ പുറപ്പെടുക. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.