ട്രംപിന്‍റെ പ്രഖ്യാപനം തള്ളി ഇന്ത്യയും; മൂന്നാമതൊരു ഇടപെടല്‍ വേണ്ട

Thumb Image
SHARE

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യയും ലോകനേതാക്കളും പ്രതിഷേധവുമായി രംഗത്ത്. പലസ്തീന്‍ വിഷയത്തില്‍ മൂന്നാമതൊരു രാജ്യത്തിന്‍റെ തീരുമാനം ഇന്ത്യയുടെ നയത്തെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും മാറ്റമില്ലാത്തതുമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.  പലസ്തീന്‍റെ പരമാധികാരം അംഗീകരിക്കുകയും അതേസമയം, ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന  ഇസ്രയേലിന്‍റെ നിലപാടിനൊപ്പവുമാണ് ഇന്ത്യ.

ടെൽ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തെ തുറന്നെതിർത്ത് ബ്രിട്ടനും രംഗത്തെത്തി. അമേരിക്കയുടെ പാത പിന്തുരടാൻ തങ്ങളില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മധ്യ കിഴക്കൻ ഏഷ്യയിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ ഈ തീരുമാനം വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പാലസ്തീനും തലസ്ഥാനമായി കരുതുന്ന ജറുസലേമിന്റെ അവകാശത്തെക്കുറിച്ചുള്ള തർക്കം ചർച്ചയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ടതാണെന്ന നിലപാടാണ് ബ്രിട്ടന്.ഈ വിശുദ്ധനാടിന്റെ അവകാശം ഇരുകൂട്ടരും പങ്കിട്ട് അനുഭവിക്കണമെങ്കിൽ അങ്ങനെയും ആകാമെന്നാണ്  ബ്രിട്ടന്റെ അഭിപ്രായം. എന്തായാലും ബ്രിട്ടന്റെ എംബസി ടെൽ അവീവീൽനിന്നും ജറുസലേമിലേക്ക് മാറ്റാൻ ഉദ്ദേശമില്ലെന്നും ബോറിസ് ജോൺസൺ  വ്യക്തമാക്കി.

അസ്വസ്ഥത പുകയുന്നു

ഇതിനിടെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണും ജർമനിയും ഫ്രാൻസും ജറുസലേമിലെയും ഗാസയിലെയും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. പുതിയ സാഹചര്യത്തിൽ ഇവിടെ അക്രമസംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യത മുന്നിൽകണ്ടാണിത്. പ്രത്യക്ഷത്തിൽ സ്നേഹപൂർണമെന്ന് തോന്നിയാലും വിനാശകരമായ നടപടിയാണ് ഇപ്പോൾ ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടണിലെ പലസ്തീൻ പ്രതിനിധി പ്രതികരിച്ചു. ടർക്കി ഉൾപ്പെടെയുള്ള നിരവധി മുസ്ലീം രാഷ്ട്രങ്ങളും ട്രംപിന്റെ നടപടിയെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ മുസ്ലീം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും നീക്കത്തെ അപലപിച്ചു. ഇസ്രയേല്‍ പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിക്കുന്നതാണ് യു.എസിന്റെ നയം മാറ്റം.  തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ്  അബ്ബാസ് വ്യക്തമാക്കി.  

ടെല്‍അവീവിയയിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കാനും ട്രംപ് ഉത്തരവിറക്കി. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഡോണള്‍ഡ്  ട്രംപ് അറബ് നേതാക്കളുമായി ഫോണില്‍  ചര്‍ച്ചനടത്തിയിരുന്നു. 1948ല്‍ ഇസ്രയേല്‍ രൂപീകൃതമായശേഷം ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് അമേരിക്ക. തീരുമാനത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്തു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.