കോടതിയുടെ അടിയേറ്റ് തോമസ് ചാണ്ടി; രാജി തീരുമാനം നീട്ടി മുഖ്യമന്ത്രി

Thumb Image
SHARE

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി  തോമസ് ചാണ്ടിയുടെ ഹര്‍ജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളി. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി. 

കേസില്‍ വാദം കേള്‍ക്കവേ  രൂക്ഷവിമര്‍ശനമാണ്് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നിയമത്തെ മാനിക്കുന്നുവെങ്കില്‍ ദന്തഗോപുരത്തില്‍നിന്ന് താഴെയിറങ്ങണം. സാധാരണക്കാരനെ പോലെ വിഷയത്തെ സമീപിക്കണമെന്നും കോടതി വിമര്‍ശിച്ചു . കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രി  ശ്രമിക്കുകയാണ്. കോടതിയെ ഇതിനുവേണ്ടി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും കോടതി പറഞ്ഞു. 

എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തക്കസമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക്. കോടതിവിധിയും എന്‍സിപി യോഗതീരുമാനവും പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വിശദമാക്കി. രാജി അനിവാര്യമാണെന്ന സൂചനയാണു മാധ്യമ പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ  അതെപ്പോഴാണെന്ന് ആവർത്തിച്ചു ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. എൻ.സി.പിയെ  കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനമാകും ഉണ്ടാകുകയെന്നാണ് ഇതു നൽകുന്ന സൂചന.

കോടതിയുടേത് ഗുരുതര വിമര്‍ശനം

ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം  െചയ്ത് ഹര്‍ജി നല്‍കിയ മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തം ഇല്ലായ്മയാണെന്നും ഇത് തെറ്റാണെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. തോമസ് ചാണ്ടിക്ക് ഇനി എങ്ങനെ മന്ത്രിസഭയില്‍ ഇരിക്കാനാകുമെന്നും കോടതി ചോദിച്ചു.  കോടതിയെ ഇതിനുവേണ്ടി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും കോടതി ആഞ്ഞടിച്ചു. മന്ത്രിയുടെ നടപടി അദേഹത്തിന് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസമില്ലെന്ന് തെളിയിക്കുന്നു. മന്ത്രിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇത് മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയെങ്കിലും പിന്‍വലിക്കേണ്ടെന്ന നിലപാടാണ് തോമസ് ചാണ്ടി കൈക്കൊണ്ടത്. സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്താല്‍ അതിനര്‍ഥം മന്ത്രിയായ തോമസ് ചാണ്ടിയെ സര്‍ക്കാരിന് വിശ്വാസമില്ല എന്നല്ലേയെന്നും കോടതി നിരീക്ഷിച്ചു.

തന്റെ പേരില്‍ നടപടിക്ക് ശുപാര്‍ശയില്ലെന്ന് മന്ത്രി തോമസ് ചാണ്ടി കോടതിയില്‍ ബോധിപ്പിച്ചു. ആലപ്പുഴ കലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ല. കലക്ടര്‍ നോട്ടിസ് നല്‍കിയത് വാട്ടര്‍ വേള്‍‌ഡ് കമ്പനിയുടെ എം.ഡിക്കാണ്. മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നുവെന്നും കമ്പനി തെറ്റ് ചെയ്തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാമെന്നും അഭിഭാഷകന്‍ വാദിച്ചു. തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.