ഒരു മാസമായി തുടരുന്ന അണ്ടര്‍17 ലോകകപ്പിന് നാളെ കൊല്‍ക്കത്തയില്‍ സമാപനം. ഫൈനലില്‍ യൂറോപ്യന്‍ വമ്പന്മാരായ സ്പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. അണ്ടര്‍17 ലോകകപ്പിലെ ആദ്യ കിരീടമാണ് ഇരുവരും ലക്ഷ്യമിടുന്നത്.
മൂന്ന് തവണ വഴുതിപ്പോയ കിരീടം കയ്യെത്തിപ്പിടിക്കാനാണ് സ്പാനിഷ് സംഘം കൊല്‍ക്കയില്‍ ബൂട്ട് കെട്ടുന്നത്. നാലാം അവസരത്തില്‍ കിരീടം നാട്ടിലെത്തിക്കാന്‍ പോന്ന മികവും മികച്ച കളിക്കാരുമുണ്ട്. ആദ്യകളിയില്‍ കാനറികളില്‍ നിന്ന് പ്രഹരമേറ്റ കാളപ്പോരിന്റെ നാട്ടുകാര്‍ എതിരാളികളെ ഓരോരുത്തരെയായി ഇടിച്ചിട്ട് കലാശപ്പോര് വരെയെത്തി. കുറിയ പാസുകള്‍ കൊണ്ട് ചടുലമായി മൈതാനത്ത് വല നെയ്ത് എതിര് വലയില്‍ പന്തെത്തിക്കുന്ന സ്പാനിഷ് ശൈലിയുടെ വിജയം കൂടിയാണ് കുട്ടിത്താരങ്ങളുടെ രാജകീയ ഫൈനല്‍പ്രവേശം.
ഫൈനലില്‍ സ്പാനിഷ് സംഘത്തെ കാത്തിരിക്കുന്നത് ഇതുപോലൊരു ഫൈനലില്‍, യൂറോ കപ്പിന്റെ ഷൂട്ടൗട്ടില്‍ തോറ്റ് പോയ ഇംഗ്ലണ്ടാണ്. ആ തോല്‍വിക്ക് ലോകവേദിയില്‍ മറുപടി പറയാനുറച്ചാവും ഇംഗ്ലണ്ട് ഫൈനലിനിറങ്ങുക. തോല്‍വിയറിയാതെയാണ് ഇംഗ്ലീഷുകാര്‍ ആദ്യ ലോകകപ്പ് ഫൈനലിലെത്തിയത്. ടൂര്‍ണമെന്റില്‍ ആറ് കളികളില്‍ നിന്ന് 18 ഗോളടിച്ച ഇംഗ്ലീഷ് കൗമാരനിര കൂടുതല്‍ ഗോളുകള്‍ നേടുന്ന ടീമായി. ഇരട്ട ഹാട്രിക്കടക്കം ഏഴ് ഗോളുകളുമായി വ്യക്തിഗത ഗോള്‍വേട്ടയിലും മുന്നിലുള്ള റിയാന്‍ ബ്രൂവ്സ്റ്ററിന്റെ കരുത്തില്‍ ഫൈനലിലും മികവ് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്.
കൗമാര ലോകകപ്പാണെങ്ങിലും ഒരു പിടി പ്രതിഭകളുടെ അസാമാന്യ പ്രകടനമാണ് ഇതുവരെ കണ്ടത്. ഫൈനലില്‍ പ്രതീക്ഷിക്കുന്നത് അതിനും മേലെയും.