മദ്യലഹരിയിൽ പൊലീസ് വാഹനത്തിൽ കറങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും പൊലീസ് പിടികൂടി. വൈദ്യ പരിശോധന നടത്തി ഡ്രൈവറുടെ പേരിൽ കേസെടുത്തു. ക്രൈംബ്രാഞ്ച് ഐജി ഇ.ജെ.ജയരാജൻ, പൊലീസ് ഡ്രൈവർ സന്തോഷ് എന്നിവരാണ് ഇന്നലെ വൈകിട്ട് അഞ്ചൽ പൊലീസ് സ്റ്റേഷനു സമീപത്തു പിടിയിലായത്.
സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. പൊലീസ് വാഹനം നിയന്ത്രണമില്ലാതെ പായുന്നതായുള്ള വിവരം അഞ്ചൽ സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നാണു പൊലീസ് പരിശോധന നടത്തിയത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ രണ്ടുപേരും അമിതമായി മദ്യപിച്ചതായി വ്യക്തമായി. മദ്യപിച്ചു വാഹനം ഓടിച്ചതിനാണു ഡ്രൈവർ സന്തോഷിന്റെ പേരിൽ കേസ് എടുത്തത്. അദ്ദേഹത്തെ പിന്നീടു ജാമ്യത്തിൽ വിട്ടു.