സിപിഎം പാർട്ടി ഗ്രാമമായ തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നാട്ടുകാർ വീണ്ടും സമരം ആരംഭിച്ചു. കീഴാറ്റൂർ നോർത്ത്, സൗത്ത് ലോക്കൽ കമ്മറ്റികളിലെ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് സമരം. ബൈപാസിന് പകരം നിലവിലെ ദേശീയപാത വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പാർട്ടി ഗ്രാമത്തിൽ വീണ്ടും സമരക്കൊടി ഉയർന്നു. ഒരിഞ്ച് വയൽ നികത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പ്രഖ്യാപനം. സർക്കാർ നിയോഗിച്ച സമിതി നിർദേശിച്ച രൂപരേഖ പ്രകാരം കിഴാറ്റൂരിന്റെ കിഴക്കുവശത്തുകൂടി ബൈപാസ് നിർമിക്കാൻ സമ്മതിക്കില്ലെന്ന് അവിടുത്തുകാരും പ്രഖ്യാപിച്ച് കഴിഞ്ഞു.
പുതിയ തീരുമാനപ്രകാരം ബൈപാസ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ദീപം തെളിച്ചാണ് പ്രതിഷേധിച്ചത്. കീഴാറ്റൂരിൽ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വയൽകിളി പ്രവർത്തകരുടെ നേതൃത്വത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാന്നാണ് തീരുമാനം.