കായൽ കയ്യേറ്റ ആരോപണത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും . അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടുക . റവന്യൂ അഡീ. ചീഫ് സെക്രട്ടറിയുടെ നിലപാടിന് അംഗീകാരം നൽകി.
കായല്‍ കയ്യേറ്റവും നിലം നികത്തലുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് റവന്യൂമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. അതേസമയം, ക്രിമിനല്‍ കേസെടുക്കാമെന്ന റവന്യൂമന്ത്രിയുടെ നിലപാടില്‍ മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. 2006 മുതല്‍ 2011വരെയുള്ള ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു പരിശോധിക്കണമെന്നും കോടതി പരിഗണിക്കുന്ന കാര്യമായതിനാല്‍ നിയമോപദേശം തേടണമെന്നുമായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട്.
അതേസമയം, ക്രിമിനല്‍ കേസെടുക്കണമെന്ന് മന്ത്രി നിലപാടെടുത്തിട്ടില്ലെന്ന് തോമസ് ചാണ്ടിയെ മുഖ്യമന്ത്രി അറിയിച്ചു. കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്നു പരിഗണിച്ചില്ല.