കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ച വിദ്യാര്‍ഥിനി ഗൗരിക്ക് ചികില്‍സ നിഷേധിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. കുട്ടിയ്ക്ക് ഫലപ്രദമായ ചികില്‍സ നല്‍കിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇന്നലെ രാത്രി പൊലീസ് രേഖകള്‍ പിടിച്ചെടുത്തത്. പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോ. എസ്. ജയകുമാരനെയും പൊലീസ് ചോദ്യം ചെയ്തു.
എന്നാല്‍ ഗൗരിക്ക് ചികില്‍സ നിഷേധിച്ചിട്ടില്ലെന്ന് ഡോ. ജയകുമാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടിക്ക് പരുക്ക് ഗുരുതരമായിരുന്നു. സ്കാനിങ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തി. ബി.പി. കുറവായതിനാല്‍ ആശുപത്രി മാറ്റരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ബന്ധപൂര്‍വം ആശുപത്രി മാറ്റുന്നതിനായി നടത്തിയ യാത്ര നില വഷളാക്കിയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടിയെ ചികില്സിച്ചതിന്റെ രേഖകളും മനോരമ ന്യൂസിന് ലഭിച്ചു.
അതേസമയം, ഗൗരി പഠിച്ച ട്രിനിറ്റി സ്കൂളിലെ രണ്ട് അധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിക്കും. സിന്ധു, ക്രസന്റ് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു.