അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ ഇന്ന് രണ്ടു വന്‍കരകളുടെ പോരാട്ടം. ഏഷ്യന്‍ ചാംപ്യന്മാരായ ഇറാന് യൂറോപ്യന്‍ ചാംപ്യന്മാരായ സ്പെയിനെ നേരിടും. വൈകിട്ട് അഞ്ചിനാണ് മല്‍സരം.
ഇറാനോ സ്പെയിനോ? ആരു ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യം. ലോകകപ്പ് നേടാന്‍ സാധ്യത കല്പിക്കപ്പെടുന്ന ടീമുകളാണ് രണ്ടും. ഗ്രൂപ്പ് മല്‍സരത്തില്‍ ജര്‍മനിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ഇറാന്റെ കരുത്ത് ഫുട്ബോള്‍ ലോകം ശ്രദ്ധിച്ചത്. ലോകകപ്പില്‍ കളിച്ച നാലു മല്‍സരങ്ങളും ജയിച്ച് സ്ഥിരതയുള്ള ടീമാണെന്ന് ഇറാന് തെളിയിച്ചു കഴിഞ്ഞു. പ്രതിരോധത്തിലൂന്നിക്കളിച്ച്, അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെ എതിര്‍ഗോള്‍ മുഖത്ത് അപകടം വിതയ്ക്കുന്നതാണ് ഇറാന്റെ ശൈലി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവു പുലര്‍ത്തിയാണ് ഇറാന് ജയിച്ചുകയറിയത്. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോകാതെ, നിശ്ചിത സമയത്തുതന്നെ വിജയിക്കാനായിരിക്കും ശ്രമിക്കുകയെന്ന് ഇറാന് പരിശീലകന് വ്യക്തമാക്കി. ഗോവയില്‍ ലഭിച്ചതിനേക്കാള്‍ മികച്ച പിന്തുണയാണ് കൊച്ചിയിലെ കാണികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമല്‍സരത്തില്‍ കരുത്തരായ ബ്രസീലിനോടേറ്റ പരാജയത്തില്‍ അതിശക്തമായി തിരിച്ചുവന്ന ടീമാണ് സ്പെയിന്. ഗ്രൂപ്പ് ഘട്ടത്തില്‍ നൈജറിനേയും ഉത്തരകൊറിയയേയും അനായാസം കീഴടക്കിയ സ്പെയിന് , പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ഫ്രാന്‍സിനെ മറികടന്നാണ് അവസാന എട്ടിലെത്തിയത്. ക്യാപ്റ്റന്റ ആബേല്‍ റൂയിസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റനിര മികവു തെളിയിച്ചുകഴിഞ്ഞു. പന്ത് പരമാവധി കൈവശം വച്ച് ചെറുപാസുകളിലൂടെ നിരന്തരം ഗോള്‍ മുഖത്തെത്തിക്കുന്ന സ്പെയിന്റെ മധ്യനിരയും ശക്തമാണ്. പ്രതിരോധം കുറേക്കൂടി മെച്ചപ്പെടുത്താനുണ്ടെന്നാണ് സ്പാനിഷ് പരിശീലകന്റെ വിലയിരുത്തല്‍. ഏഷ്യന്‍ ശൈലിയും സ്പാനിഷ് ശൈലിയും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടത്തിന് വീറും വാശിയുമേറുമെന്നുറപ്പ്. കൊച്ചിയിലെ അവസാന ലോകകപ്പ് മല്‍സരമായതിനാല്‍ ടിക്കറ്റ് വില്പനയും അതിവേഗം പുരോഗമിക്കുകയാണ്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിലാണ് ഇന്നത്തെ ടിക്കറ്റ് വില്പന.