തിരുവനന്തപുരം നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ആനയറ തെക്കേകളത്തറയിൽ മുരുകൻ പിള്ളയുടെ മകൻ എം.എസ്. മണികണ്ഠനാണ് മരിച്ചത്. ആറ്റിങ്ങൽ സ്വദേശി ആദർശിനായി തിരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഇരുവരെയും കാണാതായത്. നെയ്യാർ ഡാമിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു.
രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മണികണ്ഠന്റെ മൃതദേഹം കണ്ടെടുത്തത്. നെയ്യാർ ഡാം നിറഞ്ഞതിനാൽ ഷട്ടർ തുറന്നിരിക്കുകയായിരുന്നു. ഇതുമൂലം ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നത് തിരച്ചിലിന് തടസമായിരുന്നു. ഷട്ടർ താഴ്ത്തിയ ശേഷമാണ് തിരച്ചിൽ തുടരുന്നത്.