അണ്ടര്‍17 ലോകകപ്പ് ക്വാര്‍ട്ടര്‍ ആവേശത്തിലേക്ക്. നാളെ ഗുവാഹാത്തിയില്‍ മാലിയും ഘാനയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം. നാളെ തന്നെ ഇംഗ്ലണ്ട്-അമേരിക്ക ക്വാര്‍ട്ടര്‍ പോരാട്ടവും നടക്കും.
സ്വപ്നം പോലെ കാത്തിരുന്ന ടൂര്‍ണമെന്റ് അവസാന ഗിയറിലേക്ക് മാറുകയാണ്. 24ല്‍ നിന്ന് 16ലേക്കും അവിടെ നിന്ന് അവസാന എട്ടിലേക്ക് ചുരുങ്ങിയിരിക്കുന്നു പോരാട്ടം. ആഫ്രിക്കന്‍ കരുത്തിന്റെ കൊമ്പുകോര്ക്കലോടെയാണ് ക്വാര്‍ട്ടര്‍ വേദി ഉണരുന്നത്. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ മാലി മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ടെത്തിയ ഘാനയെ നേരിടും. കായികക്ഷമതയില്‍ ഏറ്റവും മുന്നിലുള്ള ഘാനയുടേത് വന്യമായ ആക്രമണമാണ്. എതിരാളിയെ ഏതുവിധേനയും മറികടന്ന് കുതിക്കുന്ന കാളക്കരുത്ത്. ആ കരുത്തിന് മുന്നിലാണ് കൊളംബിയയും അമേരിക്കയും ഒടുവില്‍ നമ്മളും സുല്ലിട്ടത്. ഏഷ്യന്‍ ചാംപ്യന്മാരായ ഇറാഖിനെ വീഴ്ത്തിയ മാലിക്ക് ആരേയും കൊതുപ്പിക്കുന്ന മുന്നേറ്റനിരയുണ്ട്. എന്ഡായയുടെ ഗോളടിമികവ് അവരുടെ കരുത്ത് ഇരട്ടിയാക്കുന്നു. ഇംഗ്ലണ്ടും അമേരിക്കയും ഏറ്റമുട്ടുന്ന ഗോവയിലാണ് ആരാധക ശ്രദ്ധ. ജെയ്ഡണ്‍ സാഞ്ചോ പോയതോടെ മുനയൊടിഞ്ഞ ഇംഗ്ലണ്ടിന് കടുത്ത എതിരാളികളാണ് അമേരിക്കന്‍ ബോയ്സ്. അമേരിക്കന്‍ വെല്ലുവിളിക്കുള്ള ഇംഗ്ലീഷ് മറുപടി എന്തെന്ന് കളത്തില്‍ തന്നെ കണ്ടറിയണം.