തമിഴ്നാടിന്റെ പുതിയ ഗവർണറായി ബൻവാരിലാൽ പുരോഹിത് ചുമതലയേറ്റു. രാവിലെ ഒന്പതരയ്ക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഗവർണറെ ആദരിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരെ മുഖ്യമന്ത്രി പരിചയപ്പെടുത്തി.
ഒരുവർഷത്തിന് ശേഷമാണ് തമിഴ്നാടിന് മുഴുവൻ സമയ ഗവർണറെ കിട്ടുന്നത്. മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവുവിനായിരുന്നു തമിഴ്നാടിന്റെ അധികചുമതല. തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബൻവാരിലാൽ പുരോഹിത് ചുമതലയേൽക്കുന്നത്. ഭരണഘടന പ്രകാരവും നിഷ്പക്ഷമായും ആയിരിക്കും എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുകയെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.