ഇരകള്‍ക്കെതിരെ കേസെടുത്ത് കുറ്റവാളികളെ രക്ഷിക്കുന്ന പ്രവണത പൊലീസില്‍ വര്‍ധിക്കുന്നെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിനിരയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ വിമര്‍ശനം. അതേസമയം യുവതികള്‍ ഡ്രൈവറെ ആക്രമിച്ച കേസിന്‍റെ അന്വേഷണം തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് കൈമാറാന്‍ മധ്യമേഖല ഐജി ഉത്തരവിട്ടു.
ഇരകള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് കോടതിയില്‍ നിന്ന് ശിക്ഷ ലഭിക്കാതിരിക്കാനുളള പഴുതുകള്‍ വര്‍ധിക്കുമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിരീക്ഷണം. ഇരകളെ അവഗണിച്ച് പീഡിപ്പിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പൊലീസ് നടപടിയെ പറ്റി വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയില്‍ യുവതികള്‍ ചേര്‍ന്ന് ഡ്രൈവറെ ആക്രമിച്ച സംഭവത്തിനൊപ്പം തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയും ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്‍റെ വിമര്‍ശനം. അതേസമയം കേസിന്‍റെ അന്വേഷണ ചുമതല മരട് എസ്ഐയില്‍ നിന്ന് മാറ്റാന്‍ മധ്യമേഖല ഐജി പി.വിജയന്‍ ഉത്തരവിട്ടു. ആക്രമിക്കപ്പെട്ട ഡ്രൈവര്‍ക്കെതിരെ കേസെടുത്ത മരട് പൊലീസിന്‍റെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഐജിയുടെ ഇടപെടല്‍.തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കാകും ഇനി കേസിന്‍റെ അന്വേഷണ ചുമതല.