ഇന്ധനവിലവര്‍ധനയ്ക്കെതിരെ പ്രഖ്യാപിച്ച യു.ഡി.എഫ് ഹര്‍ത്താല്‍ എട്ടുമണിക്കൂറിനിടെ മൂന്നുവട്ടം മാറ്റി ഈ മാസം പതിനാറിനെന്ന് നിശ്ചയിച്ചു. പതിമൂന്നാം തീയതി കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ കണക്കിലെടുത്താണ് മാറ്റം.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മലപ്പുറത്താണ് 13ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്ക്കെതിരെയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം. പതിമൂന്നിന് കൊച്ചിയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ രണ്ട് മല്‍സരങ്ങളെ ഹര്‍ത്താല്‍ ബാധിക്കുമെന്ന ആശങ്ക പലകോണുകളില്നിന്നുമുയര്ന്നു.
ഇതോടെ വൈകിട്ട് വേങ്ങരയില്‍ പ്രതിപക്ഷനേതാവ് തന്നെ ചെറിയ ഭേദഗതി വരുത്തി. എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ മൂന്നുമണിവരെ മാത്രമെന്നായിരുന്നു ഭേദഗതി. ഒടുവില്‍രാത്രി എട്ടോടെയാണ് ആദ്യം പന്ത്രണ്ടിലേക്കും പിന്നീട് പതിനാറിലേക്കും ഹര്‍ത്താല്‍ മാറ്റിയെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചത്.