തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിനകരന് പക്ഷ എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലും വാദം കേള്‍ക്കും. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനുള്ള സ്റ്റേ കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ കോടതി തീരുമാനം നിര്‍ണായകമാണ്.
തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്ന കേസാണ് മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് സ്റ്റേ നല്‍കുകയും അയോഗ്യരാക്കിയ ദിനകരന്‍പക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള നടപടികള്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ദുരൈസാമിയല്ല ഇനി കേസ് കേള്‍ക്കുക. മൂന്നുമാസം കൂടുമ്പോള്‍ കേസുകള്‍ മാറ്റുന്നതിന്റെ ഭാഗമായി ജസ്റ്റിസ് രവിചന്ദ്ര ബാബുവിന്റെ ബഞ്ചിലേക്ക് കേസ് എത്തി. ഇന്ന് വീണ്ടും വാദം നടക്കും. കോടതി എന്ത് തീരുമാനമെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍. ഗവര്‍ണറോടും, മുഖ്യമന്ത്രിയോടും സ്പീക്കറോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം നല്കാന് കഴിഞ്ഞതവണ കേസുപരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവിന് ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് പ്രതിപക്ഷവും ദിനകരന് വിഭാഗവും പറയുന്നത്. ദിനകരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് വെട്രിവേല്‍ എം.എല്‍.എ പറഞ്ഞു. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നാളെ വാദം കേള്‍ക്കുന്നുണ്ട്.