എടപ്പാൾ ∙ സിനിമാ തിയറ്ററിലെ ദേശീയഗാനത്തിനിടെ എഴുന്നേറ്റു നിൽക്കാതിരുന്ന രണ്ടു യുവാക്കളെ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. തിരൂർ പുറത്തൂർ സ്വദേശികളായ അനസ് (27), നബീൽ (26) എന്നിവരെയാണു ചങ്ങരംകുളം എസ്ഐ കെ.പി.മനേഷ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ കേസെടുത്തു. ഇന്നലെ 11ന് എടപ്പാൾ ഗോവിന്ദ തിയേറ്ററിലാണു സംഭവം.
രാമലീല സിനിമയ്ക്ക് മുൻപായി ദേശീയ ഗാനം ഇട്ടപ്പോൾ ഇരുവരും സീറ്റിൽനിന്ന് എഴുന്നേൽക്കാതെ ഇരിക്കുകയായിരുന്നു. സിസിടിവിയിൽ ഇതു ശ്രദ്ധയിൽപെട്ട ജീവനക്കാർ ഇരുവരെയും പിടികൂടി ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തു. ഒടുവിൽ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.