അണ്ടര്‍-17 ലോകകപ്പിനായി ടീമുകള്‍ നാളെ മുതല്‍ കൊച്ചിയില്‍ എത്തും. ബ്രസീല്‍, സ്പെയിന് എന്നീ ടീമുകളാണ് ആദ്യമെത്തുന്നത്. ഫിഫയ്ക്ക് കൈമാറിയ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം അവസാനവട്ട മിനുക്കു പണികളിലാണ്.
കൊച്ചി ലോകകപ്പ് ആരവത്തിലേക്ക് അമരുകയാണ്. ബ്രസീലിന്റെയും സ്പെയിനിന്റെയും ഉത്തരകൊറിയയുടേയും നൈജറിന്റെയും ലോകകപ്പ് താരങ്ങള്‍ നാളെ കൊച്ചിയുടെ മണ്ണില്‍ പറന്നിറങ്ങും. പുലര്‍ച്ചെ മൂന്നരയ്ക്ക് സ്പാനിഷ് സംഘമാണ് ആദ്യം കേരളത്തിന്റെ മണ്ണില്‍ കാലുകുത്തുക. മുംബൈയിലുള്ള ബ്രസീലിയന്‍ സംഘത്തിന്റേതാണ് അടുത്ത ഊഴം. പതിനൊന്നരയോടെയാണ് കാനറിക്കരുത്തര് കൊച്ചിയിലെത്തുന്നത്.
ഉച്ചയ്ക്കുശേഷം നൈജറും വൈകിട്ട് ഉത്തരകൊറിയും ഫുട്ബോള്‍ ആവേശമുയര്ത്താനെത്തും. ബുധനാഴ്ച മുതല്‍ തന്നെ പരിശീലനമാരംഭിക്കും. ശനിയാഴ്ച കൊച്ചിയിലെ പോര്‍ക്കളം ഉണരാനിരിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ശനിയാഴ്ച 5 മണിക്ക് ബ്രസീലും സ്പെയിനും തമ്മിലാണ് കൊച്ചിയിലെ ആദ്യമല്‍സരം. അന്ന് തന്നെ രാത്രി എട്ടിന് നൈജറും ഉത്തര കൊറിയയും കൊമ്പുകോര്‍ക്കും.