മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്കരിക്കാനുള്ള സംവിധാനമില്ലെന്നുമാണ് പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍ ഒരു നോട്ടിസ് പോലും നല്‍കാതെ എല്ലാം സജ്ജീകരിക്കാനുള്ള നിര്‍േദശം വാക്കാല്നല്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി
സാംക്രമിക രോഗങ്ങളില്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹോട്ടലുകളിലെ അടുക്കളകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ ലേക് പാലസ് റിസോര്‍ട്ടിലെ ഒരു പാചകക്കാരനും 2014 ന് ശേഷം ഹെല്‍ത്ത് കാര്‍ഡ് ഇല്ല. ഈ ഒരൊറ്റകാരണം മതി റിസര്‍ട്ടിന്റെ ഭക്ഷണപ്പുര അടയ്പ്പിക്കാന്‍. എന്നാല്‍ നോട്ടിസുപോലും നല്കാന് ഹെല്‍ത്ത് ഒാഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മടികാണിച്ചു. കായലോരത്ത് സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് നിര്‍ബന്ധമാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഇത്തരത്തിലൊന്ന് പ്രവര്‍ത്തിക്കുന്നതും കാണാനെ കഴിഞ്ഞില്ല. ഡ്രെയിനേജുകള്‍ ഉണ്ടെങ്കിലും അതിന്റെ വാല്‍വ് കായലിലേക്ക് തുറന്നുവിടുന്ന രീതിയാണോ എന്ന് സംശയമുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഭക്ഷണാവശിഷ്ടങ്ങള്‍ കരാറടിസ്ഥാനത്തില്‍ പുറത്തേക്ക് നല്‍കുന്നുവെന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ നല്കിയ വിശദീകരണമെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ ഉണ്ടായിരുന്നില്ല. മലിനീകരണമില്ലാതെ ഒരു റിസോര്‍ട്ടിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ പലതും ഒരുക്കിയില്ലെന്ന് കണ്ടെത്തിയിട്ടും ആലപ്പുഴയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദേശം നല്കി മടങ്ങുകയായിരുന്നു. അതേസമയം ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി അറിയിച്ചു.