കോഴിക്കോട് രാമനാട്ടുകരയില്‍ ചതുപ്പുനിലത്തിന് പകരം കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറി. ദേശീയപാതയോടുചേര്‍ന്ന ഇരുപത്തേഴര സെന്റ് സ്ഥലമാണ് രാമനാട്ടുകര മുനിസിപ്പാലിറ്റി സ്വകാര്യ ഷോപ്പിങ് മാള്‍ പണിയാന്‍ വിട്ടുകൊടുത്തത്. ഭൂമി കൈമാറ്റത്തില്‍ കോടികളുടെ അഴിമതി ആരോപിച്ച് പ്രദേശവാസികള്‍ വിജിലന്‍സിന് പരാതിനല്‍കി.
വഴി പോലുമില്ലാത്ത ഒരേക്കര്‍ അഞ്ചുസെന്റ് ഭൂമി രാമനാട്ടുകര മുനിസിപ്പാലിറ്റിക്ക് വിട്ടുകൊടുത്താണ് സ്വകാര്യകമ്പനി ദേശീയപാതയോടുചേര്‍ന്ന കണ്ണായ ഭൂമി കരസ്ഥമാക്കിയത്. മുനിസിപ്പാലിറ്റി നല്കിയ സ്ഥലത്തിന് മാര്‍ക്കറ്റ് വില സെന്റിന് 20 ലക്ഷം രൂപ. 27.5 സെന്റിന് ആകെ കിട്ടാവുന്നത് അഞ്ചുകോടി നാല്പത് ലക്ഷം രൂപ. സ്വകാര്യ കമ്പനി നല്കിയ ചതുപ്പുനിലത്തിന് പരമാവധി വില സെന്റിന് രണ്ടുലക്ഷം. ആകെ രണ്ടുകോടി പത്തുലക്ഷം രൂപ. വിപണിവില താരതമ്യപ്പെടുത്തിയാല്‍ മുനിസിപ്പാലിറ്റിക്ക് നഷ്ടം മൂന്നുകോടി മുപ്പതുലക്ഷം രൂപ. ചതുപ്പുനിലം ഉപയോഗയോഗ്യമാക്കണമെങ്കില് ലക്ഷങ്ങള്‍ മുടക്കണം. അതുകൂടി ചേരുമ്പോള്‍ നഷ്ടം വീണ്ടും ഉയരും. ഭൂമി കൈമാറിയത് ഭരണസമിതിയുടെ അംഗീകാരത്തോടെയാണെന്നാണ് മുന്‍സിപ്പല്‍ ചെയര്‍മാന്റെ നിലപാട്.
മുന്‍സിപ്പാലിറ്റിക്ക് ലഭിച്ച ഭൂമിയില്‍ ഇരുപത് സെന്റ് റോഡ് നിര്‍മാണത്തിന് വേണ്ടിവരും. ഇതോടെ സ്വകാര്യകമ്പനിയുടെ ശേഷിച്ച ഭൂമിയിലേക്ക് മുന്‍സിപ്പാലിറ്റി ചെലവില്‍ ഗതാഗതസൗകര്യവും ഒരുങ്ങും. ചട്ടപ്രകാരം ഭൂമി വില്‍ക്കാനും കൈമാറാനും മുന്‍സിപ്പാലിറ്റിക്ക് അവകാശമുണ്ട്. എന്നാല്‍ പൊതുമുതല്‍ നഷ്ടപ്പെടുത്തിയുള്ള കൈമാറ്റത്തിന്റെ കാരണമാണ് ദുരൂഹം. ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ വിജിലന്‍സിന് പരാതി നല്‍കിയത്.