അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ വിജയികള്‍ക്കുള്ള ട്രോഫി ഇന്നു കൊച്ചിയിലെത്തിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കായികമന്ത്രി എ.സി.മൊയ്തീന് ട്രോഫി അനാവരണം ചെയ്യും. ഇനിയുള്ള മൂന്നുദിവസം ട്രോഫി കൊച്ചിയിലുണ്ടാകും.
ആദ്യമായി കൊച്ചിയിലെത്തുന്ന ലോകകപ്പ് ട്രോഫിക്ക് ഊഷ്മള വരവേല്പു നല്‍കാനൊരുങ്ങുകയാണ് ലോകകപ്പ് സംഘാടക സമിതി. കായികമന്ത്രി എ.സി.മൊയ്തീന് ട്രോഫി ഔദ്യോഗികമായി അനാവരണം ചെയ്യും. ജനപ്രതിനിധികളും , കായിക താരങ്ങളും , സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. പതിനൊന്നു മുപ്പതുമുതല്‍ ട്രോഫി നേരില്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. ട്രോഫിക്ക് നല്കുന്ന വരവേല്പിനോടനുബന്ധിച്ച് കേരളത്തനിമയാര്‍ന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഫിഫ ഇലവന് മില്യണ്‍ സംസ്ഥാനതല ഫുട്ബോള്‍ ഫെസ്റ്റിവല്‍ അരങ്ങേറും. ചരിത്രമുറങ്ങുന്ന ഫോര്‍ട്ട് കൊച്ചിയിലായിരിക്കും ട്രോഫിയുടെ കേരളത്തിലെ പര്യടനം അവസാനിക്കുക.
ഇന്ത്യയില്‍ അടുത്തമാസം തുടങ്ങുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ട്രോഫി കൊച്ചിയിലെത്തിക്കുന്നത്. ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത, മുംബൈ, ഗോവ എന്നീ വേദികളില്‍ നേരത്തെ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു.