അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ വിജയികള്‍ക്കുള്ള ട്രോഫി നാളെ കൊച്ചിയില്‍ . രാവിലെ പതിനൊന്നിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിക്കുന്ന ട്രോഫിക്ക് ഊഷ്മള വരവേല്പു നല്‍കാനൊരുങ്ങുകയാണ് ലോകകപ്പ് സംഘാടക സമിതി.
ഇന്ത്യയില്‍ അടുത്തമാസം തുടങ്ങുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ട്രോഫി കൊച്ചിയിലെത്തിക്കുന്നത്. ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത, മുംബൈ, ഗോവ എന്നീ വേദികളില്‍ നേരത്തെ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. അവിടെ ലഭിച്ചതിനേക്കാള്‍ വലിയ വരവേല്‍പ്പ് ഫുട്ബോളിന്റെ സ്വന്തം നാടായ കേരളത്തില്‍ നല്‍കാനാണ് സംഘാടകരുടെ നീക്കം.
ശനിയാഴ്ച കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വീകരണം നല്‍കും. ചരിത്രമുറങ്ങുന്ന ഫോര്‍ട്ട് കൊച്ചിയിലായിരിക്കും ട്രോഫിയുടെ കേരളത്തിലെ പര്യടനം അവസാനിക്കുക. ഞായറാഴ്ച ഫോര്‍ട്ട് കൊച്ചിയിലെ വാസ്കോ ഡി ഗാമ സ്ക്വയറില്‍ കാര്‍ണിവല്‍ സമാനമായ അന്തരീക്ഷത്തിലായിരിക്കും സമാപന പരിപാടികള്‍ .