ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വെസ്റ്റ് ത്രിപുരയിലെ മാന്ഡൈയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താചാനലായ ദിന്രാത്തിന്റെ റിപ്പോര്‍ട്ടര്‍ സന്തനു ഭോവ്മികാണ് കൊല്ലപ്പെട്ടത്.
ഇന്ഡെജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സന്തനുവിെന തലയ്ക്കടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയത്. പിന്നീട് റോഡരുകില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സന്തനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ഡെജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര പ്രവര്‍ത്തകരും സി.പി.എമ്മിന്റെ ആദിവാസി സംഘടനയായ ഗണമുക്തി പരിഷത്തും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.