സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മനോരമ നല്ലപാഠം ടീമിന്റെ ട്വന്റി20 ചലഞ്ച് ഇന്ന് ആരംഭിക്കും. 20 ദിവസം നീണ്ടുനില്‍ക്കുന്ന ചലഞ്ചില്‍ 20 ടാസ്കുകള് പൂര്‍ത്തിയാക്കണം. വിജയികള്‍ക്ക് ഒന്നരലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. കളിച്ചുതുടങ്ങുന്നതിനു മുന്‍പ് കുറച്ചുകാര്യങ്ങള്‍ ചെയ്യാനുണ്ട്.
ഇതിനായി 200 പേജിന്റെ ഒരു നോട്ട്ബുക്ക് എല്ലാവരും വാങ്ങണം. ഇതാണു നിങ്ങളുടെ ട്വന്റി 20 ചാലഞ്ച് ബുക്ക്. ദിവസവും ടാസ്ക് ചെയ്തുതീർത്താൽ അതെക്കുറിച്ചുള്ള കുറിപ്പുകൾ ഇതിൽ എഴുതണം. ഫോട്ടോകൾ ഉണ്ടെങ്കിൽ ഒട്ടിക്കണം. ചിത്രങ്ങൾ വരച്ചുചേർക്കുകയുമാകാം. ഗെയിം തീരുമ്പോൾ ചാലഞ്ച് ബുക്കിൽ ടീച്ചറുടെയും വീട്ടിൽ അച്ഛന്റെയോ അമ്മയുടെയോ ഒപ്പും വാങ്ങി മനോരമയ്ക്ക് അയച്ചു തരണം. ബുക്ക് നോക്കിയാകും സമ്മാനം നിശ്ചയിക്കുക.
ടാസ്ക് – 1 : ഗുരുവന്ദനം
പ്രിയപ്പെട്ട കുട്ടികളേ ,
മഴ കാരണം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതു കൊണ്ട് ട്വന്റി20 ചാലഞ്ചിലെ ആദ്യ ടാസ്ക് പൂർത്തിയാക്കാൻ നമുക്കു രണ്ടുദിവസം കിട്ടുന്നു. അധ്യാപകർക്കു കൊച്ചു സമ്മാനം നൽകുക എന്നതാണ് ആദ്യത്തെ ടാസ്ക്.
ഇന്നു വീട്ടിലിരുന്ന് ആ സമ്മാനം എല്ലാവരും തയാറാക്കൂ – നമ്മൾ തന്നെ വരച്ചുണ്ടാക്കുന്ന ആശംസാകാർഡ് ആകാം, ടീച്ചർക്കെഴുതുന്ന കത്താകാം. ക്രാഫ്റ്റിൽ താൽപര്യമുള്ളവരാണെങ്കിൽ വീട്ടിൽ കിട്ടാവുന്ന സാധനങ്ങൾ കൊണ്ട് ഒരു സമ്മാനമുണ്ടാക്കുകയും ചെയ്യാം. ഇതിനു പുറമേ പുസ്തകമോ പൂവോ ചെടിയോ അങ്ങനെ എന്തും നൽകാം.
അപ്പോൾ, ഇന്ന് സമ്മാനം റെഡിയാക്കിക്കോളൂ. നാളെ അതു ടീച്ചർക്കു കൊടുക്കാം.
‘‘ നമുക്ക് അറിവു പകർന്നു തരുന്ന എല്ലാവരും നമ്മുടെ ഗുരുക്കന്മാരാണ്. ഗുരുപ്രണാമത്തോടെ നമുക്ക് ട്വന്റി 20 ചാലഞ്ച് തുടങ്ങാം. നിങ്ങളെ കൈപിടിച്ച് നടത്തി വളർത്തുന്ന പ്രിയപ്പെട്ട അധ്യാപകരുടെ മുഖത്ത് നിങ്ങൾ കൊടുക്കുന്ന സമ്മാനത്തിലൂടെ സന്തോഷവും പുഞ്ചിരിയും വിടരട്ടെ’’
– സി. രവീന്ദ്രനാഥ് (വിദ്യാഭ്യാസ മന്ത്രി).
മല്‍സരത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും www.manoramaonline.com/education എന്ന സൈറ്റില്‍ ലഭ്യമാകും