മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലെ സെമി പോരാട്ടങ്ങള്‍ ഇന്ന്. നാല്പതിനു മുകളില്‍ പ്രായമുള്ളവരുടെ സിംഗിള്‍സില്‍ മലയാളി താരങ്ങളായ ജോയ് ആന്റണിയും കെ.എ. അനീഷും പരസ്പരം ഏറ്റുമുട്ടും. ഡബിള്‍സില്‍ രൂപേഷ് കുമാര്‍ സനേവ് തോമസ് സഖ്യവും വി.ദിജു വിദ്യാധര്‍ സഖ്യവും ഫൈനല്‍ പ്രതീക്ഷയുമായി കളത്തിലിറങ്ങും.
മുപ്പത്തിയഞ്ചിനു മുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായ രൂപേഷ് കുമാര്‍ സനേവ് തോമസ് സഖ്യം. ജപ്പാന്റെ ഫുജിമോട്ടോ മസായുകി സഖ്യത്തെയാണ് സെമിയില്‍ നേരിടുന്നത്. ചാംപ്യന്‍ഷിപ്പിലെ ഒന്നാം സീഡായ മലയാളി സഖ്യം ഡെന്മാര്ക്ക് താരങ്ങളെ തകര്‍ത്താണ് സെമിയിലെത്തിയത്. ഇതേ വിഭാഗത്തില്‍ വി.ദിജുവും ജെ.ബി.എസ്. വിദ്യാധറും അടങ്ങുന്ന സഖ്യം തായ്ലന്‍ഡിന്റെ ചുയ്മാക്, തിതിപോങ് സഖ്യത്തെ നേരിടും. സിംഗിള്‍സില്‍ കരുത്തരായ എതിരാളികളെ പൊരുതിത്തോല്‍പ്പിച്ച് മുന്നേറിയ മലയാളി താരങ്ങളായ ജോയ് ആന്റണിയും കെ.എ.അനീഷും പരസ്പരം ഏറ്റുമുട്ടുന്നതും സെമി പോരാട്ടങ്ങളിലെ ആവേശക്കാഴ്ചയാവും. നാല്പതിനു മുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍സില്‍ ജസീല്‍ ഇസ്മായില്‍ ജെയ്സന് സേവ്യര്‍ സഖ്യം തായ്ലന്‍ഡിന്റെ ഫോങ്തെപ്, സോംചരിയ സഖ്യത്തെയാണ് നേരിടുന്നത്. 35 വയസ് വിഭാഗത്തില്‍ ഒളിംപ്യന്‍ നിഖില്‍ കനിത്കറും 40 വയസ് വിഭാഗത്തില്‍ സി.എം.ശശിധറും, 45 വയസ് വിഭാഗത്തില്‍ ജെയ്സന് സേവ്യറും ഫൈനല്‍ പ്രതീക്ഷയുമായി കോര്‍ട്ടിലിറങ്ങും.