നടന് ദിലീപിന്റെ ചാലക്കുടി ഡി സിനിമാസിനെതിരെ കൊച്ചിന് ദേവസ്വം ബോര്‍ഡ്. കൊട്ടാരം വക ഭൂമിയിലാണ് ഡി സിനിമാസ് പണിതതെന്ന് കാട്ടി തൃശൂര്‍ ജില്ലാ കലക്ടര്‍ക്കു മുമ്പാകെ കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് നല്കി.
ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടുണ്ടെന്ന പരാതി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ നടത്തിയ തെളിവെടുപ്പിലാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. ചാലക്കുടി കൊട്ടാരം വക ഭൂമി അനധികൃതമായി കൈമാറിയാണ് നടന് ദിലീപിന്റെ കൈവശം എത്തിയത്. രണ്ടു സര്‍വേ നമ്പറുകളിലുള്ള ഭൂമിയാണ് കൊട്ടാരം വക ഭൂമിയാണെന്ന് കാട്ടി കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. ദേശീയപാതയ്ക്കു സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിട്ടുമുണ്ട്.
ബാങ്കില്‍ നിന്ന് ഒന്‍പതു കോടി വായ്പയെടുത്താണ് ഡി സിനിമാസ് പണിതത്. ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ പരിശോധിക്കാതെ വായ്പ അനുവദിച്ചെന്ന് കാട്ടി ബാങ്കിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനാണ് പരാതിക്കാരുടെ നീക്കം. ഈ മാസം 27ന് ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ കലക്ടര്‍ ഡി സിനിമാസ് അധികൃതരോട് നിര്‍ദ്ദേശിച്ചു. നേരത്തെ, ജില്ലാ സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.