കണ്ണൂര് വളപട്ടണം സഹകരണ ബാങ്കിൽ നിന്ന് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ അസി. അക്കൗണ്ടന്റും മന്ന ശാഖ മാനേജരുമായിരുന്ന കെ.പി.മുഹമ്മദ് ജസീലിനെ ഇന്റർപോളിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാരുടെ സ്വർണാഭരണം വിവിധ സഹ. ബാങ്കുകളിൽ വീണ്ടും പണയം വച്ചും ചതുപ്പു നിലങ്ങൾക്ക് വൻ തുക വായ്പ നൽകിയും വ്യാജരേഖ ചമച്ചുമാണ് പണം തട്ടിയത്. ഇന്റർപോളിന്റെ സഹായത്തോടെ മലേഷ്യയിൽ നിന്നു പിടികൂടി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച ശേഷം പൊലീസ് കസ്റ്റഡിയെലെടുക്കുകയായിരുന്നു. മലേഷ്യയിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുകയായിരുന്നു പ്രതി. കേസിലെ 26 പ്രതികളിൽ 22 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു കുറ്റപത്രങ്ങൾ സമർപ്പിച്ചു. 26 പ്രതികൾ ചേർന്ന് 6.92 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണു കേസ്.
Advertisement