ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡല്‍ ഇന്ന് പുറത്തിറക്കിയേക്കും. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഐ ഫോണിനൊപ്പം ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും ഇന്ന് ആരാധകര്‍ക്കായി ആപ്പിള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. കാലിഫോര്‍ണിയ കുപ്പര്ടീനോയിലെ ആപ്പിളിന്റെ പുതിയ ആസ്ഥാനത്താണ് പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ മേധാവി ടിം കുക്ക് നടത്തുക.
ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ഐഫോണുകളില്‍ ഏറ്റവും മികച്ചതെന്ന അഭ്യൂഹങ്ങളാണ് ഐ ഫോണ്‍ 8നെ കാത്തിരിക്കുന്നത്. ഫുള്‍ സ്ക്രീന്‍ ഒഎല്‍ഇഡി ഡിസ്പ്ളേയാണ് പുതിയ ഫോണിലുണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫ്രാ റെഡ് ഫേസ് റെക്കഗ്നിഷന്‍ ആണ് ഫോണിലുണ്ടാകുന്ന ഏറ്റവും മികച്ച ആകര്‍ഷണം. ഫിംഗര്‍പ്രിന്റ് സ്കാനറിന് പകരമായിരിക്കും ഫേഷ്യല്‍ ഐഡി. വയര്‍ലെസ് ചാര്‍ജിങ് സൗകര്യമാണ് പുതിയ ഫോണിലുണ്ടാകുക.
ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ ഒ എസ് 11ലാണ് പുതിയ ഫോണുകള്‍ പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിളിന്റെ ഏറ്റവും വിലയേറിയ ഫോണായിരിക്കും ഇത്തവണത്തേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ മോഡലിന് ആയിരം ഡോളറിനടുത്തായിരിക്കും വിലയെന്നാണ് അഭ്യൂഹങ്ങള്‍.
സെപ്റ്റംബര്‍ 22ഓടെ അമേരിക്കയില്‍ ലഭ്യമാകുന്ന ഫോണുകള്‍ പക്ഷെ ഇന്ത്യയിലും മറ്റുരാജ്യങ്ങളിലുമെത്താന് മൂന്നുമാസം മുതല്‍ ആറുമാസം വരെ എടുത്തേക്കും. ഐ ഒ എസ് 11സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 4 k അള്‍ട്രാ എച്ച്ഡി ആപ്പിള്‍ ടിവിയുടേയും, ആപ്പിള്‍ വാച്ച് 3ന്റെ പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും. ഇതോടൊപ്പം പുതിയ ഹോം പോഡുകളും, സിരിയുടെ അപ്ഡേഷനുകളും പുറത്തിറക്കിയേക്കും. സിരിയെ ആപ്പിളിന്റെ എല്ലാ മോഡലുകളുമായി ഇന്റഗ്രേറ്റ് ചെയ്യുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.