മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് ദിനകരന് വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ടി.ടി.വി.ദിനകരന്റെ വിശ്വസ്തരില്‍ ഒരാളായ വെട്രിവേല്‍ എംഎല്‍എ ചീഫ് ജസ്റ്റിസിന് നേരിട്ട് ഹര്‍ജി നല്‍കുകയായിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും കാണിച്ച് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ഇത്. നേരത്തെ വെട്രിവേല്‍ നല്കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നം കോടതിയിലെത്തിച്ചതിനെ വിമര്‍ശിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ മാറിനില്‍ക്കാമെന്നും ജസ്റ്റിസ് കാര്ത്തികേയന് വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന കാരണത്താല്‍ ഹര്‍ജിക്കാരനായ വെട്രിവേലിന് കോടതി ഒരു ലക്ഷം രൂപ പിഴചുമത്തി. രണ്ടായിരത്തിലധികം ഭാരവാഹികള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ നാളെ ചെന്നൈയില്‍ നടക്കും.
Advertisement