പയറുവർഗങ്ങളുടെയും ഭക്ഷ്യ എണ്ണയുടെയും വിലകുതിക്കുന്നു. ശർക്കരവിലയും വാനോളം ഉയർന്നു. ഒരുകിലോവെളിച്ചെണ്ണയുടെ വില ഇരനൂറിന് തൊട്ടടുത്തെത്തി. പഴത്തിന്റെ വിലയാണെങ്കിൽ കിലോക്ക് നൂറ്റി അൻപത് രൂപയിലേക്ക് അടുക്കുകയാണ്.
കാണം വിറ്റും ഒാണം ഉണ്ടുകഴിഞ്ഞപ്പോൾ, പിറകെ വന്ന വിലക്കയറ്റത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സാധാരണക്കാർ. പയറുവർഗങ്ങൾക്കാണ് വിലകുത്തനെ ഉയർന്നത്. ചെറുപയറിന് 15 രൂപ കൂടി കിലോക്ക് 85 രൂപയിലെത്തി. 155 രൂപയായിരുന്ന വെള്ളക്കടലയുടെ വില 170ലെത്തി. കറുത്തകടലക്കും 15 രൂപ വിലകൂടി 90 രൂപയിൽ നിന്ന് 105 ലേക്കാണ് വില കുതിച്ചത്. തുവരക്ക് കിലോക്ക് 83 മുതൽ 85 വരെയാണ്.ശർക്കര കിലോക്ക് 80 രൂപവരെയെത്തിയിട്ടുണ്ട്. ഇതിനെ എല്ലാം കടത്തിവെട്ടുകയാണ് വെളിച്ചെണ്ണ വില. കേരക്ക് 195 ലേക്ക് വില ഉയർന്നപ്പോൾ സ്വകാര്യകമ്പനികളുടെ വെളിച്ചെണ്ണക്ക് 198 രൂപയാണ് വില.
ചെറിയ ഉള്ളിക്ക് 110, മുളകിന് 90, മല്ലിക്ക് 95 ഇങ്ങനെ 90 രൂപക്ക് മുകളിലാണ് മിക്ക അവശ്യസാധനങ്ങളുടെയും വില. ഇവക്കൊപ്പം പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും വിലയും ഉയർന്നിട്ടുണ്ട്. രസകദളിയുടെ വില കിലോക്ക് 130 മുതൽ 140 വരെ എത്തി. പയറ്,പടവലം, വെണ്ടക്ക, പച്ചമുളക് തുടങ്ങി സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികളുടെ വിലയും ഗണ്യമായി കൂടിയിട്ടുണ്ട്.