തമിഴ്നാട്ടില്‍ ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്. സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. വിശ്വാസവോട്ടെടുപ്പ് ഒരാഴ്ചക്കുള്ളില്‍ നടത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഗവര്‍ണറെ അറിയിച്ചു. കൂര്‍ഗിലുള്ള ദിനകരന് അനുകൂല എം.എല്‍.എമാരില്‍ മൂന്നുപേര്‍ നാളെ പരപ്പന അഗ്രഹാര ജയിലെത്തി സശികലയെ കാണും.
പ്രതിപക്ഷ ഉപനേതാവ് ദുരൈമുരുകന്, കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര്.രാമസ്വാമി, മുസ്ലീം ലീഗ് എം.എല്‍.എ അബൂബക്കര്‍ എന്നിവര്‍ക്കൊപ്പമാണ് സ്റ്റാലിന് ഗവര്‍ണറെ കണ്ടത്. സര്‍ക്കാരിനെതിരെ നീക്കങ്ങള്‍ ശക്തമാക്കും എന്ന സൂചനയാണ് സ്റ്റാലിന് മൂന്നോട്ട് വെക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ സഭ വിളിച്ച് വിശ്വാസവോട്ടെടുപ്പ് നടത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട്പോകുമെന്ന് ഗവര്‍ണറെ അറിയിച്ചു. 114 പേര് മാത്രമാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നത്. 119 പേര് എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും സ്റ്റാലിന് വ്യക്തമാക്കി.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കത്തയതക്കുകയും മുതിര്‍ന്ന നേതാക്കള്‍ ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു. എന്നിട്ടും തീരുമാനം വൈകുന്നതിവനാലാണ് സ്റ്റാലിന് നേരിട്ടെത്തി ഗവര്‍ണറെ കണ്ടത്. അതിനിടെ പുതുച്ചേരിയില്‍ നിന്നും കൂര്‍ഗിലേക്ക് മാറ്റിയ ദിനകരന് അനുകൂല എം.എല്‍.എമാരില്‍ മൂന്ന് പേര്, തങ്കതമിഴ്സെല്വന് എം.എല്‍.എയുടെ നേതൃത്വത്തില്‍ പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കാണും.