ഹാര്‍വി കൊടുങ്കാറ്റിനു പിന്നാലെ പുതിയ ദുരന്തഭീതിയില്‍ അമേരിക്ക. ഹാര്‍വിക്കു പിന്നാലെ രൂപപ്പെട്ട ഇര്‍മ കൊടുങ്കാറ്റും ഫ്ലോറിഡയിലേയ്ക്ക് എത്തുന്നതായാണ് കാലാവസ്ഥ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍. അമേരിക്കയ്ക്കും കരീബിയന്‍ ദ്വീപുകള്‍ക്കും ഇര്‍മ കനത്ത നാശനഷ്ടം വരുത്തുമെന്നാണ് കരുതുന്നത്.
ടെക്സസിലും ഫ്ലോറിഡയിലും ഹാര്‍വി കൊടുങ്കാറ്റുണ്ടാക്കിയ വെള്ളപ്പൊക്കത്തില്‍ നിന്ന് ജനങ്ങള്‍ കരകയറുന്നതിനിടയിലാണ് ഇര്‍മയുടെ ഭീഷണി. അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട് കരീബിയന്‍ ദ്വീപുകളില്‍ വീശിയടിച്ചു ശക്തി പ്രാപിച്ചുവരുന്ന ഇര്‍മ കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടകാരിയായ കൊടുങ്കാറ്റാണ്.
ഇപ്പോള്‍ മണിക്കൂറില്‍ ഇരുനൂറ്റിയെണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ഇര്‍മ കരയില്‍ കനത്ത നാശനഷ്ടങ്ങളായിരിക്കും ഉണ്ടാക്കുക. വാരാന്ത്യത്തോടെ ചുഴലിക്കാറ്റ് ഫ്ലോറിഡയെ സമീപിക്കുമെന്നാണ് സൂചന. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തീരപ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകുവാനും നിര്‍ദേശമുണ്ട്.