ജീവശ്വാസം കിട്ടാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയി കഴിഞ്ഞ ഒരു മാസത്തിനിടെ 49 കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ജില്ലാകളക്ടര്‍ ഉത്തരവിട്ടു. അതിനിടെ ഗോരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും ഒന്‍പത് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു.
ജുലൈ 21നും ഓഗസ്റ്റ് 20തിനും ഇടയിലുള്ള ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 19 നവജാതശിശുക്കളും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുപ്പതുകുഞ്ഞുങ്ങളുമാണ് പ്രാണവായുകിട്ടാതെ പിടഞ്ഞു മരിച്ചത്. മരുന്നുകളുടെയും ഒാക്സിജന്‍ സിലിണ്ടറുകളുടെയും അഭാവം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജില്ലാ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന
എന്നാല്‍ മരണകാരണം പോഷകാഹാരകുറവാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുഞ്ഞുങ്ങളുടെ തൂക്കകുറവും അമ്മമാരുടെ അറിവില്ലായ്മയും മരണനിരക്ക് ഉയരാന്‍ കാരണമായെന്നും ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. അതിനിടെ ഗോരഖ്പൂരിലെ ബി.ആര് .ഡി മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 കുഞ്ഞുങ്ങള്‍ മരിച്ചു. ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം നാനൂറ്റി അറുപത് കവിഞ്ഞു.