കാവ്യാ മാധവൻ ജയിലിലെത്തി ദിലീപിനെ കണ്ടു. മകൾ മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷയും ദിലീപിനെ കാണാനെത്തി. മൂന്ന് ജാമ്യാപേക്ഷയും നിരസിക്കപ്പെട്ട് ജയിലിലായി രണ്ടുമാസം തികയ്ക്കാറാകുമ്പോഴാണ് കാവ്യ ആദ്യമായി ദിലീപിനെ കാണാനെത്തുന്നത്. കാവ്യയും മകളും നേരത്തെ കാണാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ജയിലിലെ കൂടിക്കാഴ്ച ദിലീപ് വിലക്കുകയായിരുന്നു.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മകൾ മീനാക്ഷിയും കാവ്യയും ആലുവ സബ് ജയിലിലെത്തിയത്. കാവ്യയുടെ അച്ഛൻ മാധവനും ഒപ്പമുണ്ടായിരുന്നു. നാലേകാലോടെ എത്തിയ കാവ്യ ഇരുപതു മിനിറ്റോളം ഉള്ളിൽ ചിലവഴിച്ചു. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. തിരിച്ചിറങ്ങിയ കാവ്യ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
കാവ്യയെ മാഡം എന്ന് വിശേഷിപ്പിച്ച പൾസർ സുനിയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറി. സുഹൃത്തും സംവിധായകനുമായ നാദിർഷയും സബ് ജയിലിലെത്തി ദിലീപിനെ കണ്ടു. നാദിർഷ മടങ്ങിയതിന് പിന്നാലെയാണ് കാവ്യയും മകളും എത്തിയത്.