എന്‍സിപി കേരള ഘടകത്തില്‍ ഭിന്നത രൂക്ഷം. ശനിയാഴ്ച്ച കൊച്ചിയില്‍ നടക്കാനിരുന്ന നിര്‍ണായക സംസ്ഥാന നേതൃയോഗം മാറ്റിവെച്ചു. പ്രസിഡന്റ് ടി.പി.പീതാംബരന് കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി നാളെ ഡല്‍ഹിയിലെത്തും. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാന നേതൃയോഗം മാറ്റി വച്ചത്. മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായ ആരോപണങ്ങള്‍ അനുദിനം ഏറി വരികയാണ്. കയ്യേറ്റം, സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുള്ള ആരോപണങ്ങള്‍ ശശീന്ദ്രന് വിഭാഗം ആയുധമാക്കുമെന്നുറപ്പാണ്.
മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയ നേതാവ് സുല്‍ഫിക്കര്‍ മയൂരിയെ തോമസ് ചാണ്ടി സംരക്ഷിയ്ക്കുന്നുവെന്നും ഇതിന് പ്രസിഡന്റ് കൂട്ടു നില്‍ക്കുന്നുവെന്നും മറുഭാഗം ആരോപിയ്ക്കുന്നു. നിലവില്‍ അഞ്ച് ജില്ലാ പ്രസിഡന്റുമാര്‍ ശശീന്ദ്രനൊപ്പവും ആറു പേര് തോമസ് ചാണ്ടിയ്ക്കൊപ്പവുമുണ്ട്. എന്നാല്‍ പോഷക സംഘടനകളെല്ലാം തോമസ് ചാണ്ടിയുടെ രാജിയ്ക്കായുള്ള മുറവിളി തുടങ്ങികഴിഞ്ഞു. ഈ സാഹചര്യത്തില്‍ നേതൃയോഗം ചേരുന്നത് ഉചിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് യോഗം മാറ്റി വച്ചത്.
കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി പീതാബരന്‍ മാസ്റ്റര്‍ അടുത്ത ദിവസം ഡല്‍ഹിയിലെത്തും. ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി വിശദമായ ചര്‍ച്ച നടത്തും. നേതൃയോഗം ഇനി എന്നു ചേരണമെന്നും കൂടിക്കാഴ്ച്ചയില്‍ തീരുമാനിക്കും. പൊട്ടിത്തെറി ഒഴിവാക്കാന്‍ പാര്‍ട്ടിയില്‍ അടിയന്തിരമായി എടുക്കേണ്ട നടപടിയെക്കുറിച്ചും കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കും.