കണ്ണൂര്‍∙ കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും ഇംഗ്ലിഷ് പഠിപ്പിക്കാനുള്ള ശ്രമത്തിലാണു കണ്ണൂര്‍ കാടാച്ചിറ ഇംഗ്ലിഷ് മീഡിയം സ്കൂള്‍. കുട്ടികളെ ഇംഗ്ലിഷ് മീഡിയത്തില്‍ വിട്ടതു കൊണ്ടു മാത്രം കാര്യമില്ല, അവരോട് ഇംഗ്ലിഷില്‍ സംസാരിക്കാനും രക്ഷിതാക്കള്‍ക്കു കഴിയണം എന്നാണു സ്കൂള്‍ അധികൃതരുടെ നിലപാട്. ഞങ്ങള്‍ക്കും ഇംഗ്ലിഷ് സംസാരിക്കണം എന്നും പറഞ്ഞു രക്ഷിതാക്കള്‍ മുന്നോട്ടു വരികയും ചെയ്തു. പിടിഎ ഔദ്യോഗികമായിത്തന്നെ സ്കൂള്‍ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തതോടെയാണു രക്ഷിതാക്കള്‍ക്കായി സ്പോക്കണ് ഇംഗ്ലിഷ് ക്ലാസ് തുടങ്ങാന്‍ തീരുമാനമായത്.
ഇരുപത്തിഅഞ്ചോളം രക്ഷിതാക്കളാണു സ്പോക്കണ് ഇംഗ്ലിഷ് പഠിക്കാന്‍ ഇതിനകം താല്പര്യം അറിയിച്ചുള്ളത്. ആദ്യയോഗം ഇന്നു രാവിലെ സ്കൂളില്‍ ചേരും. സമയക്രമവും മറ്റും യോഗത്തില്‍ തീരുമാനിക്കുമെന്നു പ്രിന്‍സിപ്പല്‍ എം.വി.ശശിധരന് പറഞ്ഞു. മാസത്തില്‍ ഒരു ദിവസം ക്ലാസ് നടത്താനാണ് ആലോചിച്ചിരുന്നതെങ്കിലും രണ്ടാഴ്ചയിലൊരിക്കലെങ്കിലും ക്ലാസ് വേണമെന്നാണു ചില രക്ഷിതാക്കളുടെ ആഗ്രഹം. പദ്ധതി വിജയമെന്നു കണ്ടാല്‍ ആഴ്ച തോറും ക്ലാസ് നടത്താനും തയാറാണ്.