കായികക്ഷമതയില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താകുമെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സിലക്ടര്‍ എം.എസ്.കെ.പ്രസാദ്. 2019 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ഇനിയുള്ള ടീം സിലക്ഷനുകളെല്ലാം. ടീമില്‍ നിന്ന് പുറത്തായെങ്കിലും യുവരാജ് സിങ്ങിന് ഇനിയും അവസരമുണ്ടെന്നും പ്രസാദ് പറഞ്ഞു.
യുവരാജ് സിങ്ങിന്റെ കരിയര്‍ അവസാനിച്ചുവെന്ന് കരുതുന്നവര്‍ക്ക് ഇന്ത്യന്‍ ടീം സിലക്ഷന്‍ കമ്മിറ്റി നല്കുന്ന വിശദീകരണമിതാണ്. കായികക്ഷമതയുള്ളവര്ക്കെ ഇനി അവസരമുള്ളൂ. ഫോം തല്‍ക്കാലത്തേക്ക് നഷ്ടമാകുന്നത് ക്ഷമിക്കും എന്നാല്‍ കായികക്ഷമത. അത് നിര്‍ബന്ധമാണ്.
2019ലെ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് കര്‍ശന നിലപാടിലേക്ക് സിലക്ടര്മാരെത്തുന്നത്. ഇരുപതിലധികം പേരുടെ ഒരു പട്ടികയില്‍ നിന്ന് മാറി മാറി കളിക്കാര്‍ക്ക് രാജ്യാന്തര അവസരം നല്‍കും. ഇവരില്‍ മികവ് കാണിക്കുന്നവര്‍ക്കായിരിക്കും 2019 ലോകകപ്പ് ടീമില്‍ ഇടം കിട്ടുന്നത്. അടുത്തവര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനവും 2019 ലോകകപ്പും മുന്നില്‍ കണ്ടാണ് അശ്വിന് ഉള്‍പ്പെടെയുള്ളവരെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ വിടുന്നതെന്നും പ്രസാദ് വ്യക്തമാക്കി.