സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരു ദിവസം ബാക്കിനില്‍ക്കെ ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണവും പാക് പ്രകോപനവും രൂക്ഷം. ഷോപ്പിയാനില്‍ രാത്രി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഒരു ഭീകരനും കൊല്ലപ്പെട്ടു. തെക്കന്കശ്മീരില് നിയന്ത്രണരേഖയ്ക്കു സമീപമുള്ള സൈനപ്പോര മേഖലയിലെ അവ്്നീര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
സൈന്യം നാട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചശേഷം ഗ്രാമത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പുലര്‍ച്ചെ ബന്ദിപോരയില്‍ പൊലീസ് സംഘത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. അതിനിടെ, പൂഞ്ച് അതിര്‍ത്തിയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പ് തുടരുകയാണ്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് സൈന്യം സുരക്ഷശക്തമാക്കി.