കൊച്ചി ഉദയംപേരൂരില്‍ കളളു ഷാപ്പില് വില്‍പ്പനയ്ക്കെത്തിച്ച മ്ലാവിറച്ചിയും ഉടുമ്പിറച്ചിയും പിടികൂടി. പന്ത്രണ്ടര കിലോ മ്ലാവിറച്ചിയും മൂന്നു കിലോയിലേറെതൂക്കം വരുന്ന ചത്ത ഉടുമ്പിനെയുമാണ് ഉദയംപേരൂര്‍ പടിപ്പുര ഷാപ്പില് നിന്ന് പൊലീസ് കണ്ടെടുത്തത്. ഇറച്ചിയെത്തിച്ച തൃപ്പൂണിത്തുറ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്.
മൂന്നു കിലോയിലേറെ തൂക്കമുണ്ട് ഈ ഉടുമ്പിന്. കൊന്ന് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഉടുമ്പിനെ ഉദയംപേരൂര്‍ പടിപ്പുര ഷാപ്പില് എത്തിച്ചത്. കറിയാക്കാന് പോന്ന പരുവത്തില്‍ കൊണ്ടുവന്ന പന്ത്രണ്ടര കിലോ മ്ലാവിറച്ചിയും ഷാപ്പില് നിന്ന് കിട്ടി. തൃപ്പൂണിത്തുറ സ്വദേശിയായ ബിനോയിയാണ് ഇറച്ചിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.
കളളിനൊപ്പം നാടന്‍ ഭക്ഷണത്തിനും പേരുകേട്ട ഷാപ്പില് പതിവായി മ്ലാവിറച്ചിയും ഉടുമ്പിറച്ചിയും വില്‍ക്കാറുണ്ടെന്ന് ഷാഡോ പൊലീസിന് സൂചന കിട്ടിയിരുന്നു. ഇതേതുടര്‍ന്ന് ഏറെ നാളായി ഷാപ്പ് പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. ഇന്ന് രാവിെല ഉടുമ്പിറച്ചിയെത്തിയിട്ടുണ്ടെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടതോടെ എസ്.ഐ. ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത ഇറച്ചി വനം വകുപ്പിന് കൈമാറും. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലാണ് ഉടുമ്പും,മ്ലാവും. ഈ സാഹചര്യത്തില്‍ ഇറച്ചി വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ബിനോയ്ക്ക് പുറമേ ഷാപ്പ് ഉടമയും ഷാപ്പിലെ മാനേജരും കേസില്‍ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു.