ദിലീപിനെ കാണാൻ അമ്മ സരോജം ആലുവ സബ് ജയിലിൽ എത്തി. സഹോദരൻ അനൂപിനൊപ്പമാണ് ജയിലെത്തിയത്. ഇന്ന് ൈവകിട്ടാണ് സരോജം മകൻ ദിലീപിനെ കാണാൻ എത്തിയത്. ജയിൽവാസം നീളുന്ന സാഹചര്യത്തിലാണ് സന്ദർശനം.
നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലിൽ കാണാൻ വരരുതെന്ന് ദിലീപ് നിര്‍ദേശം നൽകിയിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. സഹോദരൻ അനൂപ് ആണ് ദിലീപിനെ കാണാൻ എത്തിയിരുന്നത്.
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദർശിച്ച നിർമാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചെവിക്കുള്ളിലെ ഫ്ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിനെന്നും അദ്ദേഹത്തിന് തുടർച്ചയായ തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും അദ്ദേഹം മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടമെന്നും ഏതു നിമിഷവും കരച്ചിലാണവരെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിർത്തിയിരുന്നതെന്നും വീട്ടിൽ വന്നുകണ്ടപ്പോൾ തന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.