കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എസ്.പി.ജിയെ ഒഴിവാക്കി വിദേശയാത്രയുടെ പേരില്‍ എങ്ങോട്ടാണ് പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാഹുല്‍ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാറില്ലെന്നും ഗുജറാത്തില്‍ അദ്ദേഹത്തിനുനേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് ലോക്സഭയില്‍ മറുപടി പറയവെ രാജ്നാഥ് സിങ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കുനേരെയുണ്ടായ ആക്രമണശ്രമം ലോക്സഭയിലും പുതിയ നോട്ടുകളിലെ സുരക്ഷാവീഴ്ച്ചകള്‍ രാജ്യസഭയിലും ബഹളത്തിനിടയാക്കി.
ഗുജറാത്തില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കവെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ കല്ലേറ് കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ലോക്സഭയില്‍ ഉന്നയിച്ചത്. രാഹുലിന്റെ ജീവനെടുക്കാനുള്ള ശ്രമമുണ്ടായെന്നും ഖാര്‍ഗെ ആരോപിച്ചു.
രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാരിനെ അറിയിക്കുകയും ആവശ്യമായ സുരക്ഷയൊരുക്കുകയും ചെയ്തുവെങ്കിലും ബുള്ളറ്റ് പ്രൂഫ് വാഹനം ഉപേക്ഷിച്ച് രാഹുല്‍ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് രാജ്നാഥ് മറുപടി നല്കി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എസ്പിജിയെ ഒഴിവാക്കി 72 ദിവസം രാഹുല്‍ രാജ്യത്തിനു പുറത്തുപോയി. നൂറിലധികം തവണ സുരക്ഷാമാര്ഗനിര്ദേശം ലംഘിച്ചു.
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ ബിജെപി എം.പി മീനാക്ഷി ലേഖി ഇന്നും ലോക്സഭയില്‍ ഉന്നയിച്ചു. ബഹളത്തില്‍ സഭ നിര്‍ത്തിവെച്ചു. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകളിലെ സുരക്ഷാമാനദണ്ഡങ്ങളിലെ വീഴ്ച്ച ഉയര്‍ത്തിയാണ് രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ തടസപ്പെട്ടു.