ഗുരുതരാവസ്ഥയിലായ രോഗിയെ ചികില്‍സ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ട അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഈ ആശുപത്രികളില്‍ പൊലീസ് പരിശോധന നടത്തി. ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അനാസ്ഥയില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
ഗുരുതരമായ പരിക്കേറ്റ മുരുകനെ ആദ്യമെത്തി കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളജ്, അസീസിയ മെഡിക്കല്‍ കോളജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്യുടി ആശുപത്രി എന്നിവയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എഫ്ഐആറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികളില്‍ പൊലീസ് പരിശോധന നടത്തി. ആശുപത്രികളുടെ നിലപാട് ഗുരുതരചട്ടലംഘനമാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം മനോരമന്യൂസിനോട് പറഞ്ഞു.
ആശുപത്രികളുടെ അനാസ്ഥയില്‍ സംസ്ഥാനമനുഷ്യാവകാശകമ്മിഷനും സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് സിറ്റി പൊലീസ് കമ്മിഷണറോട് കമ്മിഷന് നിര്‍ദേശിച്ചു. ആശുപത്രികളോടും വിശദീകരണം തേടി.