മുഖ്യമന്ത്രിയെ പരിഹസിച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി. ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. മന്ദബുദ്ധികളില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോയ മുഖ്യമന്ത്രിയുടെ നടപടിയെയും ഘടകകക്ഷി നേതാവ് കുറ്റപ്പെടുത്തി.
പേടിച്ചു പനി വരുന്നയാളെന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ച ഇടതുമുന്നണി നേതാവ് ,മുഖ്യമന്ത്രിയുടെ ഉപദേശകരെയും കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിക്കുന്നു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോയ മുഖ്യമന്ത്രിയുടെ നടപടിയില്‍ തെറ്റില്ലെന്നാണ് സിപിഎം നിലപാടെങ്കിലും ഈ നിലപാട് അംഗീകരിക്കാന്‍ സിപിഐ നേതാവ് തയാറല്ല. കെഎസ്ആര്‍ടിസിയിലെ കൂട്ടസ്ഥലംമാറ്റത്തിനെതിരെ എഐടിയുസി സംഘടിപ്പിച്ച സമരത്തിലായിരുന്നു സിപിഐ നേതാവിന്റെ വിമര്‍ശനം.