സി.പി.എം ഭീഷണിമൂലം തൃശൂരിലെ യുവവ്യവസായി നൂറു കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ചെന്ന മനോരമ ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ടു. രാജ്യാന്തര നിലവാരത്തിലുള്ള റിസോര്‍ട്ട് സ്ഥാപിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് സ്ഥലംസന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. പദ്ധതി വേണമെന്ന ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് ജാഥ നടത്തും.
പാലക്കാട് തൃത്താലയില്‍ എട്ടേക്കര്‍ ഭൂമിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ആയുര്‍വേദ കേന്ദ്രമായിരുന്നു പദ്ധതി. തൃശൂര്‍ പേരാമംഗലം സ്വദേശിയായ സക്കീര്‍ ഹുസൈനാണ് ഇരുപതു കോടി മുടക്കി പദ്ധതി തുടങ്ങിയത്. ആയുര്‍വേദ കേന്ദ്രത്തിന് മുമ്പിലുള്ള പുറമ്പോക്കില്‍ നിന്ന് മാലിന്യം എടുത്തുമാറ്റി മനോഹരമായ ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്നു. ഇതുമാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി കൊടികുത്തി. ആവര്‍ത്തിച്ചുള്ള പിരിവ് നല്കാന് വിസമ്മതിച്ചതാണ് പദ്ധതി മുടക്കിപ്പിക്കാന്‍ കാരണം. മനോരമ ന്യൂസിലൂടെ ഇക്കാര്യം അറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസ് യുവവ്യവസായിയുമായി ഫോണില്‍ ബന്ധപ്പെട്ടു. വിശദാംശങ്ങള്‍ ഇമെയില്‍ മുഖേന അറിയിച്ചു. ഉടനെ, പാലക്കാട് ജില്ലാകലക്ടര്‍ പി.മേരിക്കുട്ടിയോട് സ്ഥലം സന്ദര്‍ശിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദര്‍ശിച്ചു. ഇതുപ്രകാരം പദ്ധതി പ്രദേശം സന്ദര്‍ശിച്ച കലക്ടര്‍ അനധികൃതമായൊന്നും ഇല്ലെന്ന് വിലയിരുത്തി. മാത്രവുമല്ല, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പിന്തുണയും അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് പ്രതിനിധിയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ഇതിനു പുറമെ, പ്രദേശത്തെ ജനങ്ങള്‍ പദ്ധതി സംരക്ഷിക്കാന്‍ ജനകീയ സമിതിയും രൂപികരിച്ചു.