ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് ലണ്ടനില്‍ തുടക്കം. ഉസൈന്‍ ബോള്‍ട്ടിനും മോ ഫറയ്ക്കും വിടവാങ്ങല്‍ ചാംപ്യന്ഷിപ്പാകുന്നതാണ് ഇത്തവണത്തെ ലോക മീറ്റിനെ ശ്രദ്ധേയമാക്കുന്നത്. ബോള്‍ട്ട് ഇന്ന് 100 മീറ്റര്‍ ഹീറ്റ്സിനിറങ്ങുമ്പോള് മോ ഫറ ഇന്ന് പതിനായിരം മീറ്ററില്‍ മെഡല്‍ തേടിയിറങ്ങും.
അത്ലറ്റിക്സെന്ന പൊതുവികാരത്തെ ഉള്‍ക്കൊണ്ട് ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തിലേക്ക് ഒതുങ്ങുകയാണ് ലോകം. ഇനിയുള്ള പത്ത് നാളുകള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കാം, മാസ്മരിക മുഹൂര്‍ത്തങ്ങള്‍ നഷ്ടമാകാതിരിക്കാന്‍. രണ്ട് ഇതിഹാസങ്ങളുടെ വിടചൊല്ലലിനാണ് ലണ്ടന്‍ വേദിയാകാന്‍ പോവുന്നത്. വേഗതയെന്ന വാക്കിന് പര്യായമായ ഉസൈന്‍ ബോള്‍ട്ടും ദീര്‍ഘദൂര ഓട്ടത്തിലെ ചക്രവര്‍ത്തി മോ ഫറയും. പതിനായിരം മീറ്ററില്‍ ഇന്നാണ് ഫറയ്ക്ക് മെഡല്‍പോരാട്ടം.
400 മീറ്ററില്‍ വിസ്മയക്കാഴ്ചയൊരുക്കാന്‍ ദക്ഷിണാഫ്രിക്കക്കാരന് വാന്‍ നിക്കെര്‍ക്കും ചരിത്രം ആവര്‍ത്തിക്കാന്‍ അമേരിക്കക്കാരി അലിസണ് ഫെലിക്സും. രാജ്യങ്ങളുടെ പോരാട്ടത്തില്‍ അമേരിക്കയും ജമൈക്കയും കെനിയയും ഒപ്പത്തിനൊപ്പം നിന്ന് കൊമ്പുകോര്‍ക്കും. പ്രതീക്ഷയേറെയൊന്നുമില്ല ഇന്ത്യന്‍ സംഘത്തിന്. ജാവലിനില്‍ നീരജ് ചോപ്രയുടേതടക്കം ചില ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഉറ്റുനോക്കാം. 4ഗുണം 400ലെ റിലെ ടീം സെമിഫൈനലെങ്കിലും ലക്ഷ്യമിടുന്നുണ്ട്. ഉറക്കമൊഴിഞ്ഞിരുന്ന് വേണം നമുക്ക് മല്‍സരങ്ങള്‍ കാണാന്‍. ഉറക്കം വെടിഞ്ഞാലും ലോകവേദിയിലെ കാഴ്ചകള്‍ ഒഴിവാക്കിയാല്‍ അത് നഷ്ടമായിരിക്കുമെന്നുറപ്പ്