മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ ബിജെപി എം.പിമാര്‍ നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലി ലോക്സഭയില്‍ ബഹളം. സിപിഎം ഭീകരസംഘടനയാണെന്നും, പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടക്കുന്നതെന്നും മീനാക്ഷി ലേഖിയും പ്രഹ്ലാദ് ജോഷിയും ഇന്നലെ ആരോപിച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് പി കരുണാകരന് ആവശ്യപ്പെട്ടു. സിപിഎം എം.പിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ നിര്‍ത്തിവെച്ചു. സഭാ നടപടികള്‍ പുന:രാരംഭിച്ചപ്പോള്‍ സിപിഎം-ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പി കരുണാകരനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സിപിഎം എം.പിമാര്‍ പരാതിപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യസഭയിലും ചര്‍ച്ചയായി. ദലിത് വിഭാഗങ്ങളെക്കുറിച്ച് വാചാലരാകുന്ന സിപിഎം ബിജെപിക്കൊപ്പം നില്ക്കുന്ന ദലിത് നേതാക്കളെ കൊലപ്പെടുത്തുകയാണെന്ന് ബിജെപി എം.പി, വിനയ് സഹസ്രബുദ്ധെ ആരോപിച്ചു. ബിജെപിക്കാര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും വിനയ് സഹസ്രബുദ്ധെ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഗൗരവപൂര്‍വം ഇടപെടണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബാസ് നഖ്്വി ആവശ്യപ്പെട്ടു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചയാകും. ഇന്ത്യയുടെ വിദേശനയം എന്ന അജന്‍ഡയിലാണ് വിഷയം ഉള്‍പ്പെടുത്തിയിട്ടുള്ളത്
Advertisement