പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെ പഴിച്ച് അന്നത്തെ കലക്ടര്‍ എ. ഷൈനമോള്‍. വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പൊലീസ് നടപ്പാക്കിയിരുന്നുവെങ്കില്‍ പുറ്റിങ്ങല്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് എ. ഷൈനമോള്‍ മൊഴി നല്കി . പുറ്റിങ്ങല്‍ വെടിക്കെട്ടപകടം പരിശോധിക്കുന്ന ജുഡിഷ്യല്‍ കമ്മിഷനുമുന്പാകെയാണ് ഷൈനമോള്‍ മൊഴി രേഖപ്പെടുത്തിയത്. വെടിക്കെട്ടിന് രണ്ടു ദിവസം മുന്‍പ് എഡിഎം അനുമതി നിഷേധിച്ചിരുന്നു.
ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും റവന്യൂ ഉദ്യോഗസ്ഥരേയും അറിയിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മറികടന്ന് ജില്ലാ പൊലീസ് മേധാവിയാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഇത് നിയമവിരുദ്ധമാണെന്നും അനുമതി നല്കാന് ജില്ലാ പൊലീസ് മേധാവിക്ക് അധികാരമില്ലെന്നും താന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ തനിക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ഷൈനമോള്‍ ജുഡിഷ്യല്‍ കമ്മിഷനെ അറിയിച്ചു.