നടന് ദിലീപ് ഉടമയായ ഡി സിനിമാസിന്റെ നിര്‍മാണ അനുമതികള്‍ ചര്‍ച്ച ചെയ്യാന്‍ ചാലക്കുടി നഗരസഭയില്‍ ഇന്നു പ്രത്യേക കൗണ്‍സില്‍. താലൂക്ക് സര്‍വേയറുടെ സ്കെച്ച് ഇല്ലാതെ സിനിമാ തിയറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.
ഡി സിനിമാസിന് നിര്‍മാണാനുമതി കൊടുത്തിതിനെ ചൊല്ലി ചാലക്കുടി നഗരസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ തമ്മിലടി രൂക്ഷമാണ്. ചട്ടലംഘനങ്ങളുടെ ഉത്തരവാദിത്വം പരസ്പരം തലയില്‍ കെട്ടിവയ്ക്കാനാണ് ഇരുപക്ഷത്തിന്റേയും ശ്രമം. ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. യു.ഡി.എഫ്. പ്രതിപക്ഷവും. അനുമതി നല്‍കിയത് യു.ഡി.എഫിന്റെ കാലത്താണെന്ന് ഭരണപക്ഷം. ചട്ടലംഘനമുണ്ടെങ്കില്‍ തിയറ്റര്‍ എന്തുക്കൊണ്ട് നഗരസഭ പൂട്ടിക്കുന്നില്ലെന്ന് യു.ഡി.എഫും ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക കൗണ്‍സില്‍.
സ്പെഷല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടത് തങ്ങളാണെന്ന് ഇരുകൂട്ടരും വാദിക്കുന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുമെന്ന് ഉറപ്പ്. ഭൂമിയുടെ രേഖകളില്‍ ഏതുതരമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഒരു ആരോപണം. ഡി സിനിമാസിന്റെ റീ സര്‍വേയില്‍ ഇനിയും കയ്യേറ്റം കണ്ടെത്താനായിട്ടില്ല. രേഖകളുടെ സൂക്ഷ്മ പരിശോധന തുടരുകയുമാണ്.