ബെംഗളൂരുവിലെ ആദായനികുതി റെയ്്ഡിനെച്ചൊല്ലി രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ബി.ജെ.പി, ആദായനികുതി വകുപ്പിനെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുന്നതായി ആനന്ദ് ശര്‍മ ആരോപിച്ചു. കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെതിരെ മാത്രമാണ് റെയ്്ഡ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി വിശദീകരണം നല്കി. കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അധികാരത്തിന്റെ മത്തുപിടിച്ച ബിജെപി നേതൃത്വം കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കെ.സി.വേണുഗോപാല്‍ എം.പി. പ്രതികരിച്ചു.
ലോക്സഭയിലും കോണ്‍ഗ്രസ് പ്രതിഷേധം ഉയർത്തി. രാഷ്ട്രീയലാഭത്തിനുവേണ്ടി ആദായനികുതി വകുപ്പിനെ ഉപയോഗിക്കരുതെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ബംഗളൂരുവില്‍ കഴിയുന്ന ഗുജറാത്ത് എം.എല്‍.എമാരെ ലക്ഷ്യംവച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതികരിച്ചു. സ്വാഭാവിക പരിശോധന കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാറിനെതിരെ മാത്രമാണെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.