ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനാണ് പിണറായി ഈ ഉറപ്പ് നല്‍കിയത്. നടപടികളില്‍ കേന്ദ്രം മതിപ്പു പ്രകടിപ്പിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. എന്നാല്‍ കേരളത്തിലെ സ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തിയെന്ന് രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു. ആര്.എസ്.എസ് പ്രവര്‍ത്തകനെ വധിച്ചത് കോണ്‍ഗ്രസ്, ബി.ജെ.പി അനുഭാവം ഉള്ളവരാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
ശ്രീകാര്യം കൊലപാതകത്തില്‍ സര്‍ക്കാരിന്റേതായി വന്ന ആദ്യപ്രതികരണമായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്. കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പിണറായി ഉറപ്പുനല്‍കി. പ്രതികളെ പിടികൂടിയതടക്കം ഇതുവരെ സ്വീകരിച്ച നടപടികളില്‍ കേന്ദ്രം തൃപ്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപിന്നാലെ രാജ്നാഥ് സിങ് ട്വിറ്ററിലൂടെ കേരളത്തിലെ സ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തി. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കടിഞ്ഞാണിടണം. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ കൊല നടത്തിയത് മറ്റുപാര്ട്ടികളില്പ്പെട്ടവരാണെന്ന് സിപിഎം സംസ്ഥാനനേതൃത്വം പ്രതികരിച്ചു. പ്രാദേശികപ്രശ്നങ്ങള്‍ പെരുപ്പിച്ചുകാട്ടി കേരളത്തില്‍ അരാജകത്വമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. എന്നാല്‍ പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന നിലപാടില്‍ ബിജെപി നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്.