എറണാകുളം പെരുമ്പാവൂരില്‍ തെരുവുനായ പതിമൂന്ന് പേരെ കടിച്ചു. അഞ്ചു കിലോ മീറ്റര്‍ ദൂരത്തിനിടെ ഓടി നടന്നാണ് നായ ആളുകളെ ആക്രമിച്ചത്. പേവിഷ ബാധയേറ്റിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.
ആലുവ പെരുമ്പാവൂര്‍ പാതയില്‍ മുടീക്കലില് നിന്നാണ് നായ ആക്രമണം തുടങ്ങിയത്. മുടീക്കലില് കാല്‍നട യാത്രികനെ കടിച്ച നായ പിന്നെ സാന്‍ജോ ആശുപത്രി പരിസരത്തെത്തി നാലു പേരെ കൂടി കടിച്ചു. പിന്നെ ഗവണ്മെന്റ് ആശുപത്രിക്ക് മുന്നിലൂടെ നടന്നു പോയ നാലാം ക്ലാസുകാരന് അഭിഷേകടക്കം മറ്റ് അഞ്ചു പേര് കൂടി നായയുെട ആക്രമണത്തിനിരയായി. വിജയ ബാങ്കിനു മുന്നിലുണ്ടായിരുന്ന കാല്‍നടക്കാരില്‍ ചിലരെയും കടിച്ച് മുന്നോട്ട് നീങ്ങിയ നായയെ ഒന്നാം കുറ്റിയെത്തിയപ്പോള് നാട്ടുകാര്‍ വളഞ്ഞിട്ട് പിടിച്ച് തല്ലിക്കൊന്നു.
പരുക്കേറ്റ നാട്ടുകാരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. നായയ്ക്ക് പേവിഷ ബാധയേറ്റിട്ടുണ്ടെന്നും സംശയമുണ്ട്.